പോലിസുകാരി വഴിയൊരുക്കിയ ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ല; ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്ത് എംവിഡി
തൃശ്ശൂര്‍: ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലിസുകാരി ഓടിയതിന്റെ ദൃശ്യങ്ങള്‍ ഏറെ വൈറലായിരുന്നു. എന്നാല്‍, അന്ന് കടത്തിവിട്ട ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.
ദൃശ്യങ്ങളില്‍ നിന്നും വലതുവശത്തുനിന്നാണ് വീഡിയോ പകര്‍ത്തിയതെന്ന് മനസ്സിലായെന്നും വലതുവശത്തുനിന്നും ദൃശ്യങ്ങള്‍ പകര്‍ത്തണമെങ്കില്‍ അത് ഡ്രൈവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന അനുമാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് പി വി ബിജു പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആംബുലന്‍സില്‍ രോഗിയില്ലെന്നുള്ള വിശ്വസനീയമായ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സൈറണ്‍ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാന്‍ സാവകാശം ലഭിച്ചില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ ഫൈസല്‍ പറഞ്ഞു. ഒറിജിനല്‍ വീഡിയോ തന്റെ പക്കലുണ്ടെന്നും ഫൈസല്‍ അവകാശപ്പെടുന്നു. ആരാണ് ഇത്തരത്തില്‍ വഴിയൊരുക്കിയതെന്നു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. മൂന്നാമത്തെ ദിവസമാണ് ആരാണ് പോലിസുകാരിയെന്ന് വാര്‍ത്തകളിലൂടെ അറിയുന്നത്. ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നുവെന്നും മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍ വന്നതും അപ്പോഴായിരുന്നു. അപ്പോള്‍ എന്ത് പറയണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഫൈസല്‍ പറയുന്നു. തൃശ്ശൂര്‍ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ. അപര്‍ണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയത്. രോഗി അത്യാസന്ന നിലയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപ്പെടലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരള പോലിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലടക്കം ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.
