'ആരും ട്രെയിനില്‍ ഉറങ്ങരുത്, കോച്ചിനുള്ളില്‍ കൊലപാതകം നടന്നാലും ആരും അറിയില്ല,': പി കെ ശ്രീമതി
കോഴിക്കോട്: ട്രെയിനുകളിലെ യാത്രാസുരക്ഷ പൂര്‍ണമായും തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി പി കെ ശ്രീമതി. ബിഹാറിലെ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോഷണ അനുഭവം പങ്കുവച്ചുകൊണ്ടാണ് റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'ആരും ട്രെയിനില്‍ ഉറങ്ങരുത്. കോച്ചിനുള്ളില്‍ കൊലപാതകം നടന്നാലും ആരും അറിയില്ലെന്ന അവസ്ഥയാണ്,' എന്നാണ് ശ്രീമതി പ്രതികരിച്ചത്.
കൊല്‍ക്കത്തയില്‍ നിന്ന് സമസ്തിപൂരിലേക്ക് ചൊവ്വാഴ്ച രാത്രി നടത്തിയ യാത്രയ്ക്കിടെയാണ് പണം, രേഖകള്‍, സ്വര്‍ണം എന്നിവ ഉള്‍പ്പെട്ട ബാഗ് മോഷണം പോയത്. മഹിളാ അസോസിയേഷന്‍ ബിഹാര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. പുലര്‍ച്ചെ 5.45 ഓടെ ഉണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടമായതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അപായച്ചങ്ങല വലിച്ചെങ്കിലും ടിക്കറ്റ് പരിശോധനടക്കം ആരും സഹായത്തിനെത്തിയില്ലെന്ന് ശ്രീമതി പറഞ്ഞു. ട്രെയിന്‍ വീണ്ടും പുറപ്പെട്ടതിന് അരമണിക്കൂറിന് ശേഷമാണ് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. സംഭവം വിശദീകരിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ കാര്യമായ ഗൗരവം കാണിച്ചില്ലെന്നും ശ്രീമതി ആരോപിച്ചു. ഫോണും അതിലെ പ്രധാന വിവരങ്ങളും നഷ്ടമായത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി അവര്‍ വ്യക്തമാക്കി. മോഷണം നടന്നിട്ട് ആറുദിവസം കഴിഞ്ഞിട്ടും റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അന്വേഷണ വിവരവും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കോച്ചിനുള്ളില്‍ കയറി ബര്‍ത്തുകളില്‍നിന്ന് ബാഗുകള്‍ മോഷ്ടിക്കുന്ന പ്രവണത യാത്രക്കാരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണെന്നും റെയില്‍വേ സുരക്ഷ അടിയന്തരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.