''സ്ത്രീകളുടെ അന്തസും അഭിമാനവും വച്ച് ആരും കളിക്കരുത്'' നിതീഷ് കുമാറിനെതിരേ സൈറ വാസിം
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരിപാടിക്കിടെ യുവതിയുടെ നിഖാബ് ഉയര്‍ത്തിയ സംഭവത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇന്നലെ പട്‌നയില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടെയാണ് മുസ്‌ലിം സമുദായ അംഗമായ ഡോക്ടറുടെ നിഖാബ്, നിതീഷ് കുമാര്‍ പിടിച്ചുവലിച്ച് ഉയര്‍ത്തിയത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോക്ടറായ യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വിഷയത്തില്‍ നിതീഷ് കുമാറിനെതിരേ സൈറ വസീം കടുത്ത പ്രതികരണവുമായി രംഗത്തെത്തി. 'ഒരു സ്ത്രീയുടെ മാനവും അന്തസും പൊതുവേദിയില്‍ കളിപ്പാട്ടമല്ല. അധികാരം അതിര്‍ത്തികള്‍ ലംഘിക്കാന്‍ അനുമതി നല്‍കുന്നില്ല' എന്ന് എക്‌സില്‍ പങ്കുവച്ചു. ഇത് ഏറെ വേദനിപ്പിച്ചതായും, മുഖ്യമന്ത്രി നിതീഷ് കുമാര്‍ വനിതയോട് മാപ്പ് പറയണമെന്നും സൈറ ആവശ്യപ്പെട്ടു.
രാഷ്ട്രീയ രംഗത്തുനിന്നും ശക്തമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ നടപടി 'ലജ്ജാകരം' എന്നാണ് വിശേഷിപ്പിച്ചത്. ആര്‍ജെഡി നേതാക്കള്‍ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയെക്കുറിച്ച് ചോദ്യം ചെയ്ത് രംഗത്തെത്തി.