പുനരധിവാസം ഉറപ്പാക്കാതെ ആരെയും ഒഴിപ്പിക്കാനാവില്ല; ഹല്‍ദ്വാനി റെയില്‍വേ കോളനിയിലെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി
ന്യൂഡല്‍ഹി: ഹല്‍ദ്വാനി റെയില്‍വേ കോളനിയിലെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി. കോളനിയിലെ താമസക്കാരുടെ പുനരധിവാസം നടപ്പാക്കാതെ ഒഴിപ്പിക്കല്‍ നടപടിയെടുക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഒരിക്കലും ഇവിടുത്തെ താമസക്കാരെ കയ്യേറ്റക്കാര്‍ എന്നു വിളിക്കില്ലെന്നും അങ്ങനെ വിളിക്കാനാവില്ലെന്നും ജസ്റ്റിസ് സൂര്യകന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് നേതാവ് മൗലാന മഹ്‌മൂദ് മദനിയുടെ നേതൃത്വത്തില്‍ 29 ദുരിതബാധിത താമസക്കാര്‍ക്കുവേണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി, കുടിയിറക്കപ്പെടാന്‍ സാധ്യതയുള്ള കുടുംബങ്ങളെ തിരിച്ചറിയാനും അവരുടെ പുനരധിവാസം ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരിനും റെയില്‍വേക്കും ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കി.
പുനരധിവാസത്തിന്റെ ഭാഗമായി ക്യാംപുകള്‍ സംഘടിപ്പിച്ചുകൊണ്ട് രജ്‌സ്‌ട്രേഷന്‍ നടപടികള്‍ കൃത്യമായി നടത്തണമെന്നും കോടതി പറഞ്ഞു. വിശുദ്ധമാസമായ റമദാനില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട നടപടികളും ക്യാംപുകളും സംഘടിപ്പിക്കരുതെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തരുതെന്നും കോടതി പറഞ്ഞു.
ദുരിതബാധിതരായ ഓരോ വ്യക്തിക്കും മാന്യമായ ജീവിത സാഹചര്യങ്ങളും സുരക്ഷിതമായ പാര്‍പ്പിടവും ഉറപ്പാക്കുന്നില്ലെങ്കില്‍ നീതി പൂര്‍ണ്ണമായി കണക്കാക്കാനാവില്ലെന്ന് ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് മൗലാന മഹ്‌മൂദ് മദനി പറഞ്ഞു. നിയമം നീതിയെ സേവിക്കുകയും ദുര്‍ബലരെ സംരക്ഷിക്കുകയും വേണം, ശക്തരുടെ കൈകളിലെ ഉപകരണമായി അത് മാറരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
