എഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍

Update: 2024-04-20 06:08 GMT


തിരുവനന്തപുരം: മോട്ടോര്‍വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടിസയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിയത്. തപാല്‍ നോട്ടിസിന് പകരം ഇചെല്ലാന്‍ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനം കുറയ്ക്കുക, നിയമലംഘകരില്‍ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക. ഇതായിരുന്നു എഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. ജൂണ്‍ അഞ്ചിന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര അഞ്ചു ലക്ഷംവരെയായി. പ്രതി വര്‍ഷം 25 ലക്ഷം നോട്ടിസയക്കുമെന്നായിരുന്നു കെല്‍ട്രോണിന്റെ കരാര്‍.

ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടിസയക്കണമെങ്കില്‍ നോട്ടിസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഇതേവരെ മറുപടി നല്‍കിയില്ല. പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടിസയപ്പ് കെല്‍ട്രോണ്‍ നിര്‍ത്തി. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചാല്‍ മൊബൈലേക്ക് ഇചെല്ലാന്‍ മാത്രം അയക്കും. പക്ഷെ മെസേജ് മാത്രം വന്നാല്‍ ആരും പിഴ അടക്കില്ല.

പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ തുടര്‍ന്നുണ്ടാകുമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാല്‍ നോട്ടിയച്ചിട്ടും നിയമലംഘകര്‍ അടച്ചത് 62.5 കോടി മാത്രമാണ്. ഏതാനും ആഴ്ചകളായി ഇചെല്ലാന്‍ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞു. ഇനി നാളെ പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാലും ഇതുവരെയുള്ള പിഴയുടെ നോട്ടിസ് തയ്യാറാക്കി അയക്കല്‍ വലിയ തലവേദനയാകും.






Tags: