രക്ത സമ്മർദ്ദവും പ്രമേഹവും താഴുന്നു; ജല സത്യഗ്രഹ സമരം കടുപ്പിച്ച് ഡൽഹി മന്ത്രി അതിഷി ​

Update: 2024-06-24 08:46 GMT

ന്യൂഡല്‍ഹി: ആരോഗ്യ നിലയില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ട് ജല പ്രതിസന്ധിയില്‍ ഡല്‍ഹി ജലവിഭവ മന്ത്രി അതിഷിയുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്കു കടന്നു. തന്റെ ശരീരത്തിനെന്തു സംഭവിക്കുമെന്നുള്ളത് വിഷയമല്ലെന്നും അയല്‍ സംസ്ഥാനമായ ഹരിയാന ഡല്‍ഹിക്ക് അര്‍ഹിക്കുന്ന വെള്ളം നല്‍കുന്നതുവരെ ഉപവാഹ സമരം തുടരുമെന്നും അവര്‍ പ്രതികരിച്ചു. എന്റെ രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞുവരികയാണ്. ശരീര ഭാരവും കുറഞ്ഞു. കെറ്റോണിന്റെ അളവ് വളരെ ഉയര്‍ന്നിട്ടുണ്ട്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, എന്റെ ശരീരം എത്ര കഷ്ടപ്പെട്ടാലും ഹരിയാനയില്‍നിന്ന് വെള്ളം പുറത്തുവിടുന്നത് വരെ ഞാന്‍ ഉപവാസം തുടരും അതിഷി പറഞ്ഞു. ഞായറാഴ്ച ഡോക്ടര്‍മാര്‍ വന്ന് തന്നെ പരിശോധിച്ചതായും വിഡിയോ സന്ദേശത്തില്‍ അവര്‍ അറിയിച്ചു.

ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ മൂന്നാഴ്ചയായി യമുനയില്‍നിന്നുള്ള 100 മില്യന്‍ ഗാലന്‍ വെള്ളം പ്രതിദിനം വെട്ടിക്കുറച്ചതായി മന്ത്രി ആരോപിച്ചു. ഇത്രയും വലിയ അളവ് വെള്ളത്തിന്റെ അപര്യാപ്തമൂലം ഡല്‍ഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സര്‍ക്കാര്‍ അടച്ചു. ഇതോടെ വരും ദിവസങ്ങളില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും. ബാരേജില്‍ ആവശ്യത്തിനു വെള്ളമുണ്ട്. എന്നിട്ടും ഡല്‍ഹിയിലേക്കു തുറക്കേണ്ട ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. ഷട്ടറുകള്‍ തുറന്ന് ജനങ്ങള്‍ക്ക് വെള്ളം നല്‍കണമെന്ന് ഹരിയാന സര്‍ക്കാരിനോട് അപേക്ഷിക്കുന്നു. പരിഹാരമുണ്ടാകുന്നതുവരെ ജലസത്യഗ്രഹം തുടരും അതിഷി പറഞ്ഞു.

അതിനിടെ, ഡല്‍ഹി നഗരത്തിന് അധിക വെള്ളം നല്‍കാനാകുമോ എന്ന് പരിശോധിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉറപ്പ് നല്‍കിയതായി ഞായറാഴ്ച ആപ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന അറിയിച്ചു.

Tags: