എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കില്ലെന്ന് പോലിസ്
കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്
കല്‍പ്പറ്റ: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. പത്മജ കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകളില്ലെന്നാണ് പോലിസ് പറയുന്നത്. 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്നെഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നിട്ടില്ലെന്നും പത്മജ ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് പത്മജ ഇന്നലെ ഉന്നയിച്ചത്. കരാര്‍ പ്രകാരമുള്ള പണം കോണ്‍ഗ്രസ് നല്‍കുന്നില്ല എന്നായിരുന്നു ആരോപണം.
പാര്‍ട്ടിയിലെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതിനെ തുടര്‍ന്ന് 2024 ഡിസംബര്‍ 24നാണ് എന്‍ എം വിജയനും മകന്‍ ജിജേഷും വിഷം കഴിച്ചത്. 27ന് ഇരുവരും മരിച്ചു. തുടര്‍ന്ന് കുടുംബത്തിന് സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എംഎല്‍എയുടെ പിഎ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ഇന്നലെ ആരോപിച്ചിരുന്നു.