നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

Update: 2025-11-19 08:48 GMT

പട്‌ന: ജെഡിയു നേതാവ് നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ ഇന്ന് നടന്ന ജെഡിയു നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എന്‍ഡിഎ യോഗത്തിന് മുമ്പുതന്നെ ഈ തീരുമാനം എടുത്തിരുന്നുവെന്ന് സഹമന്ത്രി ശ്രാവണ്‍ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയില്‍ വെച്ച് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

243 അംഗ നിയമസഭയില്‍ എന്‍ഡിഎ 202 സീറ്റുകളാണ് നേടിയത്. തൊട്ടുപിന്നാലെ ബിജെപി 89, ജെഡി(യു) 85, എല്‍ജെപി(ആര്‍വി) 19, എച്ച്എഎം 5, ആര്‍എല്‍എം 4 സീറ്റുകള്‍ നേടി. പുതിയ മന്ത്രിസഭയില്‍ സ്പീക്കര്‍ സ്ഥാനം ബിജെപിയില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് നിതീഷ് കുമാര്‍ നിലനിര്‍ത്താനാണ് സാധ്യത.

രണ്ട് ബിജെപി നേതാക്കളുടെ പേരുകള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഇതിനകം പരിഗണിച്ചിട്ടുണ്ടെന്നും അവരില്‍ ഒരാളെ ഇന്ന് പട്‌നയില്‍ നടക്കുന്ന ബിജെപി നിയമസഭാ പാര്‍ട്ടി യോഗത്തില്‍ അന്തിമമാക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Tags: