കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് കോളജിനുമുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്. പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ഡെന്റല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡ് വലിച്ച് കീറി ഡിവൈഎഫ്ഐയുടെ പ്രതിഷേധ പോസ്റ്ററും ഒട്ടിച്ചു.
ഇന്ന് രാവിലെ ഡെന്റല്‍ കോളജിലേക്ക് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. നിതിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരാതികള്‍ ശേഖരിച്ചു. പ്രത്യേക മെയില്‍ ഐ ഡി ഉപയോഗിച്ചാണ് പരാതികള്‍ ശേഖരിച്ചത്. ഇതുവരെ 150 ലേറെ പരാതികളാണ് അധ്യാപകര്‍ക്കെതിരേ ലഭിച്ചത്. ഡോ റാം ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കെതിരേയാണ് പരാതികള്‍ ലഭിച്ചത്. കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരേയുള്ള പരാതികള്‍ രേഖാമൂലം തന്നെ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കുറ്റാരോപിതരെ പിടികൂടാന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റാം നടത്തിയ ജാതി അധിക്ഷേപമടക്കം നിതിനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് ആരോപണം. റാമിനൊപ്പം ആരോപണവിധേയയായ അസോ. പ്രൊഫസര്‍ ഡോ. സംഗീത നമ്പ്യാരും സസ്പെന്‍ഷനിലാണ്. ജാതി അധിക്ഷേപം, ആത്മഹത്യാപ്രേരണ അടക്കം കുറ്റങ്ങള്‍ ചുമത്തി പോലിസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.
