കണ്ണൂര്‍: അഞ്ചരകണ്ടി മെഡിക്കല്‍ കോളജിലെ നിതിന്‍രാജിന്റെ സഹപാഠികള്‍ തിരുവനന്തപുരത്തെ നിതിന്റെ വീട്ടിലെത്തി. 31 വിദ്യാര്‍ഥികളാണ് നെടുമങ്ങാട്ടെ വീട്ടിലെത്തിയത്. നിതിന്‍രാജിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരേ വലിയ തരത്തിലുള്ള പ്രതിഷേധം വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് കാരണക്കാരായ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, അഞ്ചരക്കണ്ടി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് നോയിഡയില്‍ നിന്ന് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലിസിന്റെ പിടിയിലായത്. 'ഇന്‍സ്റ്റന്റ് ഫണ്ട്‌സ്' എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആപ്പിനെതിരേ പോലിസ് കേസെടുത്തിരുന്നു. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. മാനസികമായി പീഡിപ്പിച്ചുവെന്നും എഫ്ഐആറിലുണ്ട്. ചക്കരക്കല്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തത്. നിതിനെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പോലിസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റാം നടത്തിയ ജാതി അധിക്ഷേപമടക്കം നിതിനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് ആരോപണം. റാമിനൊപ്പം ആരോപണവിധേയയായ അസോ. പ്രൊഫസര്‍ ഡോ. സംഗീത നമ്പ്യാരും സസ്‌പെന്‍ഷനിലാണ്. ജാതി അധിക്ഷേപം, ആത്മഹത്യാപ്രേരണ അടക്കം കുറ്റങ്ങള്‍ ചുമത്തി പോലിസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.

