കോഴിക്കോട്: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. നിതിന്‍ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് വേടന്‍ പറഞ്ഞു. പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത് കേരളത്തിലെ പൊതു ഇടങ്ങളിലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണെന്നും വേടന്‍ പറഞ്ഞു. നിതിന്റെ അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയില്ലെന്നാണ് അതിന്റെ അര്‍ത്ഥമെന്നും വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
വെള്ളിയാഴ്ചയാണ് നിധിന്‍രാജിനെ ആശുപത്രിക്കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച ഉച്ചവരെ നിധിന്‍രാജ് ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് മെഡിക്കല്‍ കോളജ് റിസപ്ഷന്റെ പിറകിലെ കല്ലുപാകിയ തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ ഓറല്‍ പാതോളജി വിഭാഗം മേധാവി ഡോ. റാം ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.