മസ്തിഷ്‌കാഘാതം മൂലം മരിച്ച മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ ബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കൂടുതല്‍ സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചു. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോള്‍ മസ്തിഷ്‌കമരണം സംഭവിച്ച നിലയിലായിരുന്നു. രോഗലക്ഷങ്ങളോടെ കോഴിക്കോട്ടെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റൈനില്‍ കഴിയുകയാണ്.