ഒന്‍പതു വയസുകാരിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഉമ്മവെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവ്

Update: 2026-02-04 15:18 GMT

തിരുവനന്തപുരം: ഒന്‍പതു വയസുകാരിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഉമ്മവെപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 14 വര്‍ഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫിനെ(54)യാണ് വിവിധ വകുപ്പുകളിലായി അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നുമാസവും തടവ് കൂടുതല്‍ അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ചുവര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വലിയതുറ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജയശ്രീ എസ്സാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. പി സുരഭി എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.

2024 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്തുവന്ന കുട്ടിയോട് സമീപത്തെ പൂച്ചട്ടി എടുത്തുതരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചട്ടി എടുത്തകൊടുത്ത കുട്ടിയുടെ കൈയില്‍ കയറി പിടിച്ചു. ഉമ്മ തന്നാല്‍ മാത്രമേ കൈ വിടുകയുള്ളൂവെന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ചു. കുട്ടി കൈ വിടാന്‍ പറഞ്ഞിട്ടും പ്രതി വിട്ടില്ല. ഇതോടെ ഭയന്ന് കുട്ടി ഉമ്മ നല്‍കി. തുടര്‍ന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി പിതാവിനോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.