നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

Update: 2025-07-15 08:05 GMT
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. സൂഫി പണ്ഡിതരുടെ നേതൃത്വത്തില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫിഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചു.

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വധശിക്ഷ നീട്ടിവക്കുകയാണെന്ന തീരുമാനം ഉണ്ടായത്. ചര്‍ച്ച നടക്കുന്ന കാര്യത്തിലാണ് തീരുമാനം. എന്നിരുന്നാലും വധശിക്ഷ ഒഴിവാക്കുന്ന തീരുമാനത്തിലേക്കെത്തിയിട്ടില്ല എന്നാണ് വിവരം. തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറായിട്ടില്ല എന്നാണ് വിവരം. അതേസമയം വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല എന്നും റിപോര്‍ട്ടുകള്‍ വരുന്നുണ്ട്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയ തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മെഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. പിന്നീട്, ബന്ധം മോശമായതിനെ തുടര്‍ന്ന് 2017ലാണ് കൊല നടന്നത്.

വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയിലാണ് മെഹ്ദിയുടെ മൃതദേഹം കണ്ടെത്തിയത്. മെഹ്ദിയെ താന്‍ മയക്കുമരുന്ന് കുത്തിവച്ച് മയക്കുക മാത്രമാണ് ചെയ്തതെന്ന് നിമിഷ വാദിച്ചു. പിന്നീട് സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു വാദം. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി നിമിഷക്ക് വധശിക്ഷ വിധിച്ചു. കൊലക്ക് കൂട്ടുനിന്ന ഹനാന്‍ എന്ന യുവതിക്ക് ജീവപര്യന്തം തടവും വിധിച്ചു. അപ്പീല്‍ പോയെങ്കിലും മേല്‍ക്കോടതിയും വധശിക്ഷ ശരി വയ്ക്കുകയായിരുന്നു.

Tags: