നിലമ്പൂരിലെ എസ്ഡിപിഐ പ്രചാരണം നാളെ ആരംഭിക്കും

Update: 2025-05-28 13:04 GMT

ഹമീദ് പരപ്പനങ്ങാടി

നിലമ്പൂര്‍: നിലമ്പൂരിലെ എസ്ഡിപിഐ പ്രചാരണം നാളെ ആരംഭിക്കും. നാളെ രാവിലെ 11 മണിക്ക് നിലമ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അഡ്വ. സാദിഖ് നടുത്തൊടിയെ സ്വീകരിച്ച് ആനയിക്കുന്നതോടെ അടിത്തട്ടില്‍ പ്രചാരണം ശക്തമാവും. പാലക്കാട് ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ഉയര്‍ത്തിപിടിച്ച എസ്ഡിപിഐ നിലമ്പൂരില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയകേരളം നോക്കിയിരുന്നത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് മലപ്പുറം ബാര്‍ കൗണ്‍സില്‍ നേതാവും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. സാദിഖ് നടുത്തൊടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

ഇടതുഭരണത്തോടും ഇടതുവലുത് മുന്നണികളോടുമുള്ള വിയോജിപ്പുകള്‍ ജനങ്ങള്‍ അഡ്വ. സാദിഖ് നടുത്തൊടിയിലൂടെ രേഖപ്പെടുത്തുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

നടുത്തൊടി അഹമദ്കുട്ടി മാസ്റ്ററുടെയും നടുത്തൊടി മണ്ണില്‍ സൈനബയുടെയും മകനായി 1969ലാണ് സാദിഖ് നടുത്തൊടി ജനിച്ചത്. കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമബിരുദം നേടി. കോടതിയില്‍ കേസുകള്‍ നടത്തുമ്പോഴും ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു. കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എസ്ഡിപിഐ ടീമുകളുടെ കോര്‍ഡിനേറ്ററായിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നിയമപരമമായ ഇടപ്പെടലുകള്‍ക്ക് നേതൃത്വം നല്‍കി.

നാദാപുരം, വലിയതുറ, മാറാട്, കാസര്‍കോഡ് എന്നിവിടങ്ങളിലെ കലാപങ്ങളിലും അക്രമസംഭവങ്ങളിലും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും നിരപരാധികളായ യുവാക്കള്‍ ജയിലിലടക്കപ്പെട്ടപ്പോള്‍ അവരുടെ മോചനത്തിന് വേണ്ടിയും മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു.

സ്‌കൂളുകള്‍, കോളജുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ മനുഷ്യാവകാശ പ്രഭാഷണങ്ങള്‍ക്കും നിയമ ബോധവത്കരണ ക്ലാസുകള്‍ക്കും സമയം കണ്ടെത്തുന്ന സാദിഖ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ബാംഗ്ലൂര്‍, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുണ്ട്. മാറാട് കലാപത്തെ കുറിച്ച് ബംഗളൂരുവിലെ മനുഷ്യാവകാശ സംഘടനയായ സിക്രം, ചെന്നൈയിലെ പീപ്പിള്‍സ് വാച്ച് എന്നിവയുമായി ചേര്‍ന്ന് അന്വേഷണം നടത്തി റിപോര്‍ട്ട് പ്രസിദ്ധീകരിച്ചു.

എടക്കരയിലെ കോണ്‍വെന്റില്‍ അനുവെന്ന വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചപ്പോള്‍ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സാദിഖ് നടുത്തൊടിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സജീവമായി. അതേ തുടര്‍ന്നാണ് കുറ്റാരോപിതരായ സ്ഥാപനമേധാവികളെ സസ്‌പെന്‍ഡ് ചെയ്തത്.

പൊന്നാനിയില്‍ ഹഫീദ് എന്ന യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അഡ്വ. സാദിഖ് നടുത്തൊടിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് പോലിസ് ഭീകരത വെളിപ്പെടുത്തി.

ആനന്ദ് പട്‌വര്‍ധന്റെ 'രാംകെനാം' എന്ന ഡോക്യുമെന്ററി മലപ്പുറം ജില്ലയില്‍ നിരോധിച്ചതില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ഹൈക്കോടതിയില്‍ ഹരജി നല്‍കയുണ്ടായി. മലപ്പുറത്തെ മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകരും കലാസ്‌നേഹികളും ശക്തമായി പ്രതികരിച്ചതില്‍ പിന്നെ നിരോധനം പിന്‍വലിക്കുകയാണ് ഉണ്ടായത്. സമൂഹം നേരിടുന്ന വിവിധ തരം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന അഡ്വ.സാദിഖ് നടുത്തൊടി നിലമ്പൂരിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.