നിലമ്പൂര്‍ മാല മോഷണം; തെളിവ് നശിപ്പിച്ച് പ്രതി, വിസര്‍ജ്യത്തിലൂടെ പുറത്തുവന്ന മാല ശൗചാലയത്തിലെ ക്ലോസറ്റിലിട്ടു

Update: 2026-02-16 10:23 GMT

നിലമ്പൂര്‍: കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങിയ കേസിലെ പ്രതി സ്വര്‍ണം നശിപ്പിച്ചു. വയറ്റിലുള്ള മാല പുറത്തെടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച പ്രതി വിസര്‍ജ്യത്തിലൂടെ പുറത്തുവന്ന മാല ശൗചാലയത്തിലെ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്യുകയായിരുന്നു. മാല വീണ്ടെടുക്കാനുള്ള പോലിസിന്റെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാല മോഷണം നടന്നത്. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിയതാണ് പരാതിക്കാരി. ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് സമീനയെ ശ്രദ്ധിച്ചത്. കുഞ്ഞുങ്ങളോട് കൊഞ്ചിക്കുഴയുന്ന സമീന ആളുകളുമായി സൗഹൃദം സ്ഥാപിച്ചു.

ഇതിനിടയില്‍ പരാതിക്കാരിയുടെ കുട്ടിയുടെ അടുത്തും സമീനയെത്തി. എന്നാല്‍, നീരസം അറിയിച്ചു. പെണ്‍കുട്ടികളില്ലെന്നും കുഞ്ഞുപെണ്‍കുട്ടികളെ വലിയ ഇഷ്ടമെന്നും പറഞ്ഞ് സമീന മോഷണം ആസൂത്രണം ചെയ്തു. ഇതിനിടയില്‍ കുഞ്ഞ് ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായി. സമീനയുടെ കൈവശവും മാല കണ്ടെത്താനായില്ല. ഒടുവില്‍ സംശയം തോന്നി സമീനയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ കാര്യം വ്യക്തമായത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലിസ് സമീനയെ സ്‌കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് വയറ്റില്‍ സ്വര്‍ണമാല ഉണ്ടെന്ന് ഉറപ്പാക്കി. പിന്നാലെയാണ് മാല പുറത്തുവരുന്നതിനുള്ള കാത്തിരിപ്പ് തുടങ്ങിയത്.

ആഭരണം വീണ്ടെടുക്കാന്‍ അടവുകള്‍ പലതും പോലിസ് പയറ്റിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അഞ്ചു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. തൊണ്ടി മുതല്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലിസ്. ഇതിന്റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Tags: