നിലയ്ക്കല്‍ അന്നദാന ക്രമക്കേട്; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേയും ഭാര്യയുടേയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Update: 2026-02-06 16:40 GMT

കൊച്ചി: ശബരിമല നിലയ്ക്കല്‍ അന്നദാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം തട്ടിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി.

2018-19 മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. അന്നദാന കരാറുകാരന് ബോര്‍ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം നടത്തിയത്. ആദ്യം പോലിസ് അന്വേഷിച്ച കേസ് ക്രമക്കേടിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇഡി ഏറ്റെടുക്കുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വലിയ തുക പ്രതികള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.