ടൊറന്റോ: വടക്കേ അമേരിക്കയില്‍ തുടരുന്ന അതിശൈത്യത്തെ തുടര്‍ന്ന് ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ അനുഭവപ്പെടുന്ന ശക്തമായ തണുപ്പാണ് വെള്ളച്ചാട്ടത്തെയും ചുറ്റുപാടുകളെയും മഞ്ഞുപാളികളിലാക്കി മാറ്റിയത്. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കൂട്ടങ്ങളും മരങ്ങളും കട്ടിയുള്ള മഞ്ഞില്‍ പൊതിഞ്ഞ നിലയിലാണ്. താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിനും താഴേക്ക് പതിച്ചതോടെയാണ് അപൂര്‍വമായ ഈ ദൃശ്യം രൂപപ്പെട്ടത്. ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മൂലം വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ജലകണങ്ങള്‍ അന്തരീക്ഷത്തില്‍വച്ചുതന്നെ ഐസ് കട്ടകളായി മാറുകയാണ്. സെക്കന്‍ഡില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഒഴുകുന്നതിനാല്‍ നയാഗ്ര വെള്ളച്ചാട്ടം പൂര്‍ണമായും നിശ്ചലമാവില്ലെങ്കിലും ഉപരിതലത്തില്‍ രൂപപ്പെട്ട കട്ടിയുള്ള മഞ്ഞുപാളികള്‍ വെള്ളച്ചാട്ടം നിശ്ചലമായതുപോലുള്ള ദൃശ്യമാണ് സൃഷ്ടിക്കുന്നത്. അമേരിക്കന്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിലാണ് കൂടുതല്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളച്ചാട്ടത്തിന് താഴെ കട്ടിയുള്ള ഐസ് പാളികള്‍ രൂപപ്പെട്ട് 'ഐസ് ബ്രിഡ്ജ്' എന്നറിയപ്പെടുന്ന പ്രതിഭാസവും ദൃശ്യമായിട്ടുണ്ട്. ഈ അപൂര്‍വ കാഴ്ച കാണുന്നതിനായി കടുത്ത തണുപ്പിനെ അവഗണിച്ചും നിരവധി സഞ്ചാരികള്‍ യുഎസ്-കാനഡ അതിര്‍ത്തി പ്രദേശത്തേക്ക് എത്തുന്നുണ്ട്. ചരിത്രത്തില്‍ 1848ലാണ് നയാഗ്ര വെള്ളച്ചാട്ടം പൂര്‍ണ്ണമായും തണുത്തുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ അതിശൈത്യം വരും ദിവസങ്ങളിലും തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സഞ്ചാരികള്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
