ദേശീയപാതാ തകര്‍ച്ച; സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിട്ട് ദേശീയ പാത അതോറിറ്റി

Update: 2025-05-30 01:51 GMT

ന്യൂഡല്‍ഹി: ദേശീയപാത 66ല്‍ മലപ്പുറം കൂരിയാടുഭാഗത്തെ അപകടത്തിനുകാരണം ഉയര്‍ന്ന പാര്‍ശ്വഭിത്തിയുടെ ഭാരം താങ്ങാനാവാതെ അടിത്തറമണ്ണ് ഇളകിമാറിയത്. കേരളത്തിലെ പാരിസ്ഥിതികസവിശേഷത കണക്കിലെടുക്കാതെ റോഡ് രൂപകല്പനയും നിര്‍മാണവും നടത്തിയ വീഴ്ചയ്ക്ക് പ്രോജക്ട് സൈറ്റ് എഞ്ചിനീയറെ ദേശീയപാതാ അതോറിറ്റി പിരിച്ചുവിട്ടു. അപകടമുണ്ടായ ഭാഗത്തിന്റെ ചുമതലയുള്ള പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ്‌ചെയ്തു. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 11.8 കോടി രൂപ പിഴയീടാക്കാതിരിക്കാനും ഒരുവര്‍ഷത്തേക്ക് ഡീബാര്‍ചെയ്യാതിരിക്കാനും കാരണംകാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കി. പദ്ധതിയുടെ സ്വതന്ത്ര എന്‍ജിനിയറായ ഭോപ്പാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റിനും നോട്ടീസ് നല്‍കി. 20 ലക്ഷം രൂപ പിഴയീടാക്കാതിരിക്കാനും ഒരുവര്‍ഷത്തേക്ക് ഡീബാര്‍ചെയ്യാതിരിക്കാനും കാരണംബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണിത്. ഇതിന്റെ ടീം ലീഡറെയും സസ്‌പെന്‍ഡ്‌ചെയ്തു.