അച്ചനെ തലയ്ക്കടിച്ചു കൊന്ന മകന്‍ റിമാന്‍ഡില്‍; പ്രതി മൊബൈലിന് അടിമയെന്ന് സൂചന

Update: 2025-07-17 06:46 GMT

നെയ്യാറ്റിന്‍കര: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ റിമാന്‍ഡില്‍. അതിയന്നൂര്‍ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാറി(60)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിജോയ് സാമുവലി(19) നെയാണ് റിമാന്‍ഡ് ചെയ്തത്.

ജൂണ്‍ 11നാണ് സിജോയ് അച്ഛനെ ആക്രമിച്ചത്. ചികിത്സയിലായിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞദിവസം മരിച്ചു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയുമാണ് സിജോയ് സാമുവലിനെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കോവിഡ് കാലത്ത് പഠനത്തിനായാണ് സിജോയ്ക്ക് മൊബൈല്‍ ലഭിച്ചത്. പിന്നീട് ഇതിന്റെ ഉപയോഗം അമിതമായി. വീഡിയോ ഗെയിമുകളും ഇന്റര്‍നെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സൂചന.

അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചു. മാത്രമല്ല, സുനില്‍കുമാര്‍ തനിക്ക് കിട്ടിയ അഞ്ചുസെന്റ് വസ്തു മൂത്തമകള്‍ക്ക് നല്‍കിയതിന്റെ പേരില്‍ പ്രതി മാതാപിതാക്കളെ കൈയേറ്റം ചെയ്തെന്നും വിവരമുണ്ട്.

സുനില്‍കുമാര്‍ എല്ലാദിവസവും മകന്‍ താമസിക്കുന്ന വീട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും പോക്കറ്റ് മണിയായി 150 രൂപയും നല്‍കി. എന്നാല്‍, ഭക്ഷണംകൊണ്ടുവരുന്ന സമയത്തും യാതൊരു പ്രകോപനവുമില്ലാതെ സിജോയ് അച്ഛനെ മര്‍ദിച്ചിരുന്നതായാണ് വിവരം.