സൈബർ തട്ടിപ്പ്: ബഹ്റയ്ൻ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശം

Update: 2026-04-07 10:10 GMT

മനാമ: ഡിജിറ്റൽ ലോകത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുമായി സംഘം രംഗത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് സാധാരണക്കാരെ വഞ്ചിക്കുന്ന രീതിയാണ് ഇപ്പോൾ ബഹ്റയ്നിൽ വ്യാപകമാകുന്നത്.

മന്ത്രാലയ ഉദ്യോഗസ്ഥരെന്ന വ്യാജേന അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർക്ക്, “നിങ്ങളുടെ ബ്രൗസർ ലോക്ക് ചെയ്തിരിക്കുന്നു” എന്ന സന്ദേശം പ്രത്യക്ഷപ്പെടും. നിയമലംഘനം നടത്തിയതായി ആരോപിച്ച് ലോക്ക് നീക്കാൻ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന തന്ത്രം.

സൈബർ സുരക്ഷാ വിദഗ്ധനായ ഹാഫിസ് അറ്റാഉർ റഹ്മാൻ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നു. ഇതിനോടകം 50ലധികം പേർ ഈ വലയത്തിൽ കുടുങ്ങിയതായി റിപോർട്ടുകളുണ്ട്. ഏകദേശം 55 പേർ പണം നഷ്ടപ്പെടുത്തിയതായും, ആയിരക്കണക്കിന് ദീനാർ തട്ടിപ്പുകാർ കൈവശപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് വീഡിയോകളുടെ ഇടയിലുള്ള ആകർഷക പരസ്യങ്ങളിലൂടെയും ഇത്തരം ലിങ്കുകൾ പ്രചരിക്കുന്നു. ഉപയോക്താക്കളുടെ ഭീതിയും അവഗണനയും മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. ഓരോ തവണയും വെബ് വിലാസങ്ങൾ മാറ്റുന്നതിനാൽ കുറ്റവാളികളെ കണ്ടെത്തുന്നത് വെല്ലുവിളിയാകുന്നു.

കുട്ടികൾക്കിടയിൽ ഇന്റർനെറ്റ് ഉപയോഗം വർധിച്ച സാഹചര്യത്തിൽ, ഇവർ ഇത്തരം തട്ടിപ്പുകളുടെ എളുപ്പ ഇരകളാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തെറ്റ് ചെയ്തുവെന്ന ഭയം മൂലം മാതാപിതാക്കളുടെ അറിവില്ലാതെ പണം നൽകാൻ കുട്ടികൾക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനാൽ സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുകയും, അക്ഷരപ്പിശകുകൾ ഉൾപ്പെട്ട സന്ദേശങ്ങൾ ശ്രദ്ധിക്കുകയും വേണം. കുട്ടികൾക്ക് ഇത്തരം സംഭവങ്ങൾ മാതാപിതാക്കളെ അറിയിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളെ അറിയിക്കണം. ഔദ്യോഗിക മന്ത്രാലയങ്ങൾ ഒരിക്കലും ലിങ്കുകൾ വഴി പിഴ ആവശ്യപ്പെടില്ലെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Tags: