മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, തർക്കത്തിനില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ പാർട്ടിയുടെ വിജയത്തിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, സ്ഥാനാർഥി പട്ടികയിൽ വനിതകളെ അവഗണിച്ചതിനെച്ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ പുകയുകയാണ്. എഐസിസി വക്താവ് ഷമ മുഹമ്മദിന് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് ശശി തരൂർ എം.പിയും രംഗത്തെത്തി. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് വെറും 9.8 ശതമാനം സീറ്റ് നൽകിയത് പോരായ്മയാണെന്നും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കപ്പെടണമെന്നും തരൂർ പറഞ്ഞു. കോൺഗ്രസിനുള്ളിലെ ഈ ഭിന്നത വോട്ടെടുപ്പിന് മുൻപേ പാർട്ടി ഛിന്നഭിന്നമായതിന്റെ തെളിവാണെന്ന് ബിജെപിയും പരിഹസിച്ചു.