പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

Update: 2026-02-24 09:35 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി. ശബരിമല സ്വര്‍ണകൊള്ളയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. പ്രതിപക്ഷത്തിന് ചര്‍ച്ചകളെ ഭയമാണെന്ന് മുഖ്യമന്ത്രി. ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

ചോദ്യോത്തര വേളയ്ക്കു പിന്നാലെ പ്ലക്കാടുകള്‍ ഉയര്‍ത്തി മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുതളത്തിലേക്കിറങ്ങി. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ജനം ആഴക്കടലില്‍ വലിച്ചെറിയുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ബഹളം കൂടിയതോടെ ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു. ഇതോടെ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം പുറത്തേക്കിറങ്ങി.

സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. അടിയന്തര പ്രമേയത്തെ ഭയപ്പെടുന്ന പ്രതിപക്ഷം, വികസനവിരുദ്ധര്‍, നുണപ്രചാരകര്‍ എന്നിങ്ങനെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. പിന്നാലെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.