'ഘോട്ടി'; മതത്തിന്റെ പേരില്‍ വിലക്കപ്പെട്ടവര്‍

Update: 2026-02-05 10:20 GMT

ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. അത് പലയിടത്തും പല രീതിയിലാണ് എന്നു മാത്രം. ചിലയിടങ്ങളില്‍ ഇതിനോടകം തന്നെ ഒറ്റപ്പെട്ടു പോയ മുസ് ലിം ഗ്രാമങ്ങളും ഇന്ത്യയില്‍ കാണാം. പറയുമ്പോള്‍ ഇപ്പോള്‍ അത്ഭുതമല്ലാത്ത ഒരു യാഥാര്‍ഥ്യമായി ഈ സാഹചര്യം മാറികഴിഞ്ഞു. അത്തരത്തില്‍ സാമൂഹികമായും സാംസ്‌കാരികപരമായും ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് മധ്യപ്രദേശിലെ ഘോട്ടി. സാമൂഹികമായും സാമ്പത്തികമായും അവരെ ഹിന്ദുത്വര്‍ ഒറ്റപ്പെടുത്തി.

ഇങ്ങനെ ഒറ്റപ്പെട്ടു പോകാന്‍ തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ, തങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന ഹിന്ദുത്വരുടെ വിദ്വേഷ പ്രസ്താവനകളെ അവര്‍ എതിര്‍ത്തു എന്നതാണത്. പലയിടത്തും ഹിന്ദുത്വര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണ്. മുസ് ലിം വ്യാപാരികളുടെ പക്കല്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയോ അവരുമായി ഇടപെടുകയോ ചെയ്താന്‍ ഹിന്ദു കുടുംബങ്ങള്‍ പിഴയടക്കണമെന്ന വിചിത്ര ഭീഷണിയും ഗ്രാമത്തില്‍ നില നില്‍ക്കുന്നുണ്ട്.

കാലങ്ങളായി ഹിന്ദു കുടുംബങ്ങളും മുസ് ലിം കുടുംബങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിച്ചിരുന്നതെന്ന് ഇവിടുത്തുകാര്‍ പറയുന്നു. എന്നാല്‍ കാലം ഇപ്പോള്‍ വല്ലാതെ മാറിയെന്നും തങ്ങളുടെ മക്കള്‍ എല്ലാം വീട്ടില്‍ തന്നെ ഇരിപ്പാണെന്നും കളിക്കാന്‍ പോലും പുറത്തക്ക് പോകാന്‍ കുട്ടികള്‍ക്കാവുന്നില്ലെന്നും അവര്‍ പറയുന്നു.

മതത്തിന്റെ പേരില്‍ ജോലി പോലും നിഷേധിക്കുമ്പോള്‍ തങ്ങള്‍ എങ്ങനെ ജീവിക്കും എന്ന് ചോദിക്കുകയാണ് ഇവിടുത്തെ മുസ് ലിം കുടുംബങ്ങള്‍.

ജനുവരി 27 ന് ഘോട്ടിയില്‍ നടന്ന 'ഹിന്ദു സമ്മേളന'ത്തോടെയാണ് എല്ലാത്തിനും തുടക്കം. അന്നത്തെ പരിപാടിയില്‍, ഒരു വനിതാ സന്യാസി ഉള്‍പ്പെടെ കാവി വസ്ത്രം ധരിച്ച മതപ്രഭാഷകര്‍ മുസ് ലിംകളെയും ഇസ് ലാമിനെയും ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി.

ഇതേ തുടര്‍ന്ന് പ്രദേശത്തെ മുസ് ലിം കുടുംബങ്ങള്‍ ഗ്രാമത്തലവനോട് ഇക്കര്യങ്ങള്‍ പറയുകയും അവരെ തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതില്‍ ദേഷ്യം പൂണ്ട ഹിന്ദുത്വര്‍ യോഗങ്ങള്‍ നടത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുമായിരുന്നു. ഇതിന് ഭരണാധികാരികള്‍ കൂടി ചൂട്ട് പിടിച്ചപ്പോള്‍ ഘോട്ടിയിലെ ഒരു സമുദായത്തിനുമേല്‍ നിശബ്ദതതുടെ കരിനിഴല്‍ വീഴുകയായിരുന്നു.