വടക്കന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നില്ലെന്ന് ഡിഎംകെ എംപി ദയാനിധി മാരന്‍
ചെന്നൈ: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ തൊഴില്‍സാഹചര്യങ്ങളെക്കുറിച്ചുള്ള ഡിഎംകെ എംപി ദയാനിധി മാരന്റെ പ്രസംഗത്തില്‍ വിവാദം. ചെന്നൈയിലെ വനിതാ കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തമിഴ്നാട്ടിലെ പെണ്‍കുട്ടികളെ വടക്കന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളുമായി അദ്ദേഹം താരതമ്യം ചെയ്തത്. ദയാനിധി മാരന്റെ വാക്കുകള്‍ സ്ത്രീവിരുദ്ധമാണെന്നും വടക്കേ ഇന്ത്യയെ അധിക്ഷേപിക്കുന്നതാണെന്നും ആരോപിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുന്നത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തുകയും ഹിന്ദി മാത്രം പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ ദയാനിധി മാരന്‍ നിശിതമായി വിമര്‍ശിച്ചു. വടക്കന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും കൃത്യമായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് എംപി പറഞ്ഞു. അതേസമയം തമിഴ്നാട്ടിലെ ദ്രാവിഡ മാതൃക പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ദയാനിധി മാരന് 'സാമാന്യബുദ്ധി' ഇല്ലെന്നും രാജ്യത്തോട്, പ്രത്യേകിച്ച് ഹിന്ദി സംസാരിക്കുന്ന സമൂഹങ്ങളോട് മാപ്പ് പറയണമെന്നുമാണ് ബിജെപിയുടെ ആവശ്യം.