ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിന് ജാമ്യമില്ല

Update: 2026-01-05 05:45 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യം നിഷേധിച്ച് സുപ്രിംകോടതി . ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. കേസില്‍ ശക്തമായ തെളിവുണ്ടെന്ന് കോടതി പറയുകയായിരുന്നു. ഇത് ദേശസുരക്ഷയുടെ കാര്യമാണെന്നും കേടതി വ്യക്തമാക്കി. 

അതേസമയം കോടതി അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചു. ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലിം ഖാന്‍, ശതാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്. ഡല്‍ഹിയിലെ ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടേയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടേയും ആസൂത്രകന്‍മാരാണെന്ന് ആരോപിച്ച് ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി നിരവധി പേര്‍ക്കെതിരേ യുഎപിഎയിലേയും ഐപിസിയിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. 2020 സപ്തംബര്‍ 13നാണ് ഉമര്‍ ഖാലിദിനെ പോലിസ് അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലാചന, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പതിനാലു ദിവസത്തേക്ക് കര്‍ക്കദുമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നു.

Tags: