ക്രിസ്മസ് കരോൾ സംഘത്തിനെതിരായ ആക്രമണം സംഘപരിവാര ഭീകരതയുടെ തെളിവ് : സഹീർ ചാലിപ്പുറം

Update: 2025-12-25 04:23 GMT

പാലക്കാട്: ക്രിസ്മസ് കരോൾ സംഘത്തിനെതിരേ നടന്ന ആക്രമണം കേരളത്തിന്റെ മതസൗഹൃദപരമ്പര്യത്തിന് നേരെയുള്ള തുറന്ന വെല്ലുവിളിയും, സംഘപരിവാരം ആസൂത്രണം ചെയ്ത മതവിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗവുമാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് സഹീർ ചാലിപ്പുറം പറഞ്ഞു. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താനുള്ള പൗരാവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം അക്രമങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാലക്കാട് നടന്ന സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്നതെന്നും, ഇത് അത്യന്തം ഗുരുതരമാണെന്നും സഹീർ ചാലിപ്പുറം ആരോപിച്ചു. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്ത് കർശന നിയമനടപടി സ്വീകരിക്കാതെ പോയാൽ, ഭരണകൂടത്തിന്റെ നിശബ്ദത തന്നെ സംഘപരിവാര അക്രമങ്ങൾക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കരോൾ സംഘത്തിലെ കുട്ടികളെ മദ്യപിച്ചെന്ന നിലയിൽ ചിത്രീകരിച്ച് അപമാനിച്ച ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണെന്നും, ബാല്യത്തെ വരെ വർഗീയ വിഷവാതകത്തിന് ഇരയാക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകൾ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗുരുതരമായ മാനസിക ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇതിന് നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ മദ്യപിച്ചെന്ന രീതിയിൽ ചിത്രീകരിച്ച ബിജെപി നേതാവ് സി. കൃഷ്ണകുമാറിന്റെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘപരിവാര ആക്രമണങ്ങൾക്കും വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കും എതിരായി സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ പ്രസിഡണ്ട് സഹീർ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റഫീഖ് പുതുപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എ. വൈ. കുഞ്ഞു മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റാഷിക് ചടനംകുറിശ്ശി, സക്കീർ കൊല്ലംകോട്, അലി കെ. ടി., മണ്ഡലം സെക്രട്ടറി സുലൈമാൻ ചുണ്ണാമ്പുതറ എ എം അഷറഫ് തുടങ്ങിയവർ സംസാരിച്ചു.