വഖഫ് രജിസ്ട്രേഷൻ സമയം നീട്ടില്ലെന്ന് കേന്ദ്രം

Update: 2025-12-04 02:44 GMT

ന്യൂഡൽഹി : അധികൃത സംവിധാനത്തിലെ തകരാറുകൾ കാരണമായി രാജ്യത്താകെ വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിൽ അപേക്ഷകർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ കണക്കിലെടുത്ത് ഡിസംബർ അഞ്ചിന് (നാളെ)അവസാനിക്കുന്ന രജിസ്ട്രേഷൻ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്ലിംലീഗിന്റെ ലോക്സഭാ പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ കെ.നവാസ് ഗനി എം.പി എന്നിവർ ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനെ കണ്ട് ചർച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിർദ്ദിഷ്ട സമയത്തിനകം രജിസ്ട്രേഷൻ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തിൽ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്ട്രേഷൻ നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയിൽ രജിസ്ട്രേഷൻ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു. എന്നാൽ ഉമീദ് പോർട്ടൽ വഴി രാജ്യത്തെ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്നും ഡിസംബർ 5 ന് രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത മുതവല്ലിമാർ സ്വന്തം നിലയ്ക്ക് ട്രൈബ്യൂണലിനെ സമീപിച്ച് സമയം നീട്ടി വാങ്ങേണ്ടതാണെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറഞ്ഞു.