എസ്‌ഐആര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി

Update: 2025-12-02 12:11 GMT

ന്യൂഡല്‍ഹി: അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നതിനെ കുറിച്ച് ഹൗസ് ബിസിനസ് അഡൈ്വസറി കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ട്. ഈ മാസം ഒന്‍പതിന് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നാണ് അഡൈ്വസറി കൗണ്‍സലിന്റെ നിലപാട്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് നിലവില്‍ എസ്‌ഐആറിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തങ്ങളുടെ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടിയാണ് എസ്‌ഐആറെന്നാണ് ഈ സംസ്ഥാനങ്ങളുടെ ആരോപണം. എസ്‌ഐആറിനെതിരായ തര്‍ക്കം സുപ്രിംകോടതിയിലുമെത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായി എസ്‌ഐആര്‍ തുടരാമെന്നായിരുന്നു സുപ്രിംകോടതിയുടെ വിധി.

ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ എസ്‌ഐആറില്‍ പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരുന്നു. പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. എസ്‌ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെയാണ് ഇന്നലെ ഇരുസഭകളിലും പ്രതിഷേധം ശക്തമായത്. ലോക്‌സഭയില്‍ രണ്ടു തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു.