കോഴിക്കോട് : ആതുര സേവനരംഗത്ത് പതിറ്റാണ്ടുകളായി സേവനം അർപ്പിച്ച പ്രമുഖ ഭിഷഗ്വരനും, സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ആരോഗ്യവകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ എം പി അബൂബക്കർ ഹാജി( 87) നിര്യാതനായി. കോഴിക്കോട് രാമനാട്ടുകര മേൽപ്പാലത്തിന് സമീപത്തെ അഹ്സൻ വീട്ടിലായിരുന്നു താമസം. ഏതാനും മാസങ്ങളായി വാർധക്യസഹജമായ രോഗങ്ങളാൽ കിടപ്പിലായിരുന്നു സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞശേഷം സ്വകാര്യ ആശുപത്രിയിൽ കുറച്ചുകാലം സേവനം ചെയ്തിരുന്നു. രോഗികൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ ചികിത്സ ലഭ്യമാക്കുന്നതായിരുന്നു ഡോക്ടർ എന്ന നിലയിൽ അദ്ദേഹത്തിൻറെ ശ്രദ്ധ. ആദ്യത്തെ കേരള ചീഫ് എൻജിനീയറായിരുന്ന ടി പി കുട്ടിയാമു സാഹിബിന്റെ രണ്ടാമത്തെ മകനാണ് . തിരുവനന്തപുരം ജനറൽ ആശുപത്രി, മഞ്ചേരി ജില്ലാ ആശുപത്രി, കൊണ്ടോട്ടി, രാമനാട്ടുകര ഹെൽത്ത് സെൻററുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് ഡിഎംഒ ആയും തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. വൈദ്യസേവനത്തിന് പുറമേ സാമൂഹിക- സാംസ്കാരിക മേഖലകളിലും കർമ്മനിരതനായിരുന്നു. എത്തിക്കൽ മെഡിക്കകൽ ഫോറത്തിൻ്റെ സ്ഥാപക ഭാരവാഹിയായിരുന്നു.ലളിതമായ ജീവിതശൈലി പൊതുസമൂഹത്തിനു വേണ്ടിയുള്ള അതീവ കരുതൽ ഇവയാണ് ഡോക്ടറെ സമൂഹത്തിൽ വിശ്വാസപ്പെട്ട ഡോക്ടറായി മാറ്റിയത് . ജനങ്ങൾക്ക് ലഭ്യമാകുന്ന ആരോഗ്യം പരിചരണത്തിന്റെ പാത മെച്ചപ്പെടുത്താൻ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച അദ്ദേഹം നിരവധി യുവ ഡോക്ടർമാർക്ക് പ്രചോദനമായിരുന്നു. മാതാവ് : എംപി നഫീസ തലശ്ശേരി , ഭാര്യ: പരേതയായ ഖദീജ , മക്കൾ: ഡോക്ടർ ഔസാഫ് അഹ്സൻ (ഇഖ്റ ഹോസ്പിറ്റൽ, ചെയർമാൻ , അദർ ബുക്സ് കോഴിക്കോട് ) റമീസ (മോചീസ് രാമനാട്ടുകര ) അഫ്താബ് അഹമ്മദ് (ഖത്തർ പെട്രോളിയം ദോഹ ) , മരുമക്കൾ: റസീന, ഹാഷിറ .
മയ്യത്ത് നമസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 .30ന് രാമനാട്ടുകര ചമ്മലി ജുമാ മസ്ജിദിൽ