അധ്യാപകരിൽ ജോലിഭാരം പഠന നിലവാരത്തെ ബാധിക്കും: വിസ്ഡം യൂത്ത് കേരള ടീച്ചേഴ്സ്

Update: 2025-11-16 12:58 GMT

പട്ടാമ്പി: അധ്യാപനത്തിന് പുറമെ നിരന്തരമായി സർക്കാറിൻ്റെ വിവിധ സേവനമേഖലകളുമായി ബന്ധപ്പെട്ട ചുമതലകൾ നൽകി അധ്യാപകർക്ക് അമിത ജോലിഭാരമേൽപ്പിക്കുന്നത് പഠനനിലവാരം തകരാൻ കാരണമാകുമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി പട്ടാമ്പിയിൽ സംഘടിപ്പിച്ച നാലാമത് കേരളാ ടീച്ചേഴ്സ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.അമിത ജോലി ഭാരം അദ്ധ്യാപകരിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കും. സിലബസ് അനുസൃതമായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്താനും അനുഭവങ്ങൾ പകർന്നു നൽകാനും മതിയായ സമയം നിലവിലെ സാഹചര്യത്തിൽ സ്കൂളുകളിൽ ലഭിക്കുന്നില്ല എന്നിരിക്കെ മറ്റു ചുമതലകൾ ഇടക്കിടെ ഏൽപ്പിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തും

വോട്ടർ പട്ടിക പുതുക്കുന്നതിൻ്റ ഭാഗമായി ധാരാളം അധ്യാപകർ ഫീൽഡിലാണ്. പല ക്ലാസ്സുകളിലും അധ്യാപകരില്ലാതെ പഠനം മുടങ്ങിയിട്ടുണ്ട്. സ്ഥിരം അധ്യാപകർക്ക് പകരം താൽക്കാലിക അധ്യാപകരെ നിയമിക്കുന്നത് പഠനത്തെ ബാധിക്കുമെന്നും അത് വിദ്യാർത്ഥികളിലെ പഠന നിലവാരം കുറയുന്നതിന് കാരണമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പുതിയ പാഠ പുസ്തകങ്ങളിലെ ജെൻഡർ ന്യൂട്രാലിറ്റിയടക്കമുള്ള ലിബറൽ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗങ്ങൾ പിൻവലിക്കണം. അമിതമായ ഉപഭോഗ സംസ്കാരത്തിനും, സോഷ്യൽ മീഡിയ, ലഹരി അഡിക്ഷനുകൾക്കും പരിഹാരമാർഗങ്ങൾ വിദ്യാലയ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഉൾപ്പെടുത്തണമെന്നും ടീച്ചേഴ്സ് കോൺഫറൻസ് ആവശ്യപ്പെട്ടു. സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ. മുഖ്യാതിഥിയായി.വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, പീസ് റേഡിയോ സി.ഇ.ഒ. ഹാരിസ് ബിൻ സലീം, യു. മുഹമ്മദ് മദനി, മുഹമ്മദ് സാദിഖ് മദീനി, ഷബീബ് സ്വലാഹി, ജംഷീർ സ്വലാഹി, ടി. മുഹമ്മദ് ഷമീൽ, പി.കെ. അംജദ് മദനി, മുനവ്വർ സ്വലാഹി, സമീർ മുണ്ടേരി, അബ്ദുറഹിമാൻ ചുങ്കത്തറ, സുൽഫിക്കർ സ്വലാഹി, ഷമീം എം. വണ്ടൂർ, ഷംജാസ് കെ. അബ്ബാസ്, സി.പി. ഹിലാൽ സലീം, എം. ഹബീബ് റഹ്മാൻ, ഡോ. അഹസനു സമാൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.