വന്ദേമാതരം പാടാത്തത് എന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യാനുള്ള കാരണമല്ല : സംഭൽ എംപി സിയാവുർ റഹ് മാൻ ബർഖ്
ലഖ്നോ: താൻ വന്ദേമാതരം പാടാത്തതുകൊണ്ട് തൻ്റെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാവില്ലെന്ന് സംഭൽ എംപി സിയാവുർ റഹ്‌മാൻ ബർഖ്. "ഞാൻ ഒരിക്കലും വന്ദേമാതരം പാടിയിട്ടില്ല. അതിൻ്റെ പേരിൽ എൻ്റെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാവില്ല" - സിയാവുർ റഹ്‌മാൻ ബർഖ് പറഞ്ഞു. ആറുവർഷം മുമ്പ് സിയാവുർ റഹ്‌മാൻ ബർഖിൻ്റെ പിതാമഹൻ ശഫീഖുർ റഹ്‌മാൻ ബർഖ് പാർലമെൻ്റിൽ ഉയർത്തിയ അതേ പ്രശ്നമാണ് പൗത്രനും ഇപ്പോൾ ഉയർത്തുന്നത്. തൻ്റെ വിശ്വാസത്തിന് എതിരാന്നെന്നതിനാൽ വന്ദേമാതരം പാടാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. അന്ന് സമാജ് വാദി പാർട്ടിയുടെ എംപിയായിരുന്നു ശഫീഖുർ റഹ്‌മാൻ ബർഖ്. മുംബൈയിൽനിന്നുള്ള സമാജ് വാദി പാർട്ടി എംപിയായ അബൂ അസിം ആസ്മിയും വന്ദേമാതരം പാടുന്നതിൽ വിയോജിച്ചിരുന്നു. അതിനോടുള്ള പ്രതികരണമായാണ് സിയാവുർ റഹ്‌മാൻ ബർഖിൻ്റെ അഭിപ്രായ പ്രകടനം. വന്ദേമാതരത്തിൻ്റെ 150ാം വാർഷികത്തിൻ്റെ പശ്ചാത്തലത്തിലാണ് വിവാദം വീണ്ടും ഉയർന്നത്. "വന്ദേമാതരം ദേശീയഗാനമല്ല; എൻ്റെ മുത്തച്ഛൻ അത് പാടിയിട്ടില്ല; ഞാനും പാടുകയില്ല" - സിയാവുർ റഹ്‌മാൻ ബർഖ് ആവർത്തിച്ചു. സംഭലിൽനിന്നുള്ള സമാജ് വാദി പാർട്ടിയുടെ എംപിയാണ് സിയാവുർ റഹ്‌മാൻ ബർഖ്.