കൊൽക്കത്ത: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി ഭരണത്തിൽ വന്നാൽ ടാറ്റ ഗ്രൂപ്പിനെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബർദ്വാനിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് സുവേന്ദു അധികാരി ഇങ്ങനെ പറഞ്ഞത്.
ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും ഭൂമി ഏറ്റെടുക്കൽ നടപടികളെ തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ 2008ൽ സിംഗൂരിൽനിന്ന് ടാറ്റാ മോട്ടോഴ്സ് പിൻവാങ്ങിയിരുന്നു. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് വൻ നിക്ഷേപം നടത്താൻ ടാറ്റാ ഗ്രൂപ്പിനെ പ്രേരിപ്പിക്കുമെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി ആവർത്തിക്കുന്നത്.
അനധികൃത നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് തൃണമൂൽ കോൺഗ്രസ് എസ്ഐആറിനെ എതിർക്കുന്നതെന്നും സുവേന്ദു ആരോപിച്ചു. തൃണമൂൽ സർക്കാർ നിയമവിരുദ്ധമായി വോട്ടർ ഐഡി കാർഡുകളും റേഷൻ കാർഡുകളും നൽകിയ എല്ലാ മുസ്‌ലിംകളെയും എസ്ഐആർ നടപടിക്രമത്തിനു ശേഷം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്യുമെന്നും സുവേന്ദു കൂട്ടിച്ചേർത്തു. ഇവരെല്ലാം നുഴഞ്ഞുകയറിയ ബംഗ്ലാദേശികളും മ്യാൻമർകാരും ആണെന്നാണ് ബിജെപിയുടെ ആരോപണം.