*മോൻത കരയണഞ്ഞു ; ആന്ധ്രയിൽ നാലു മരണം, വൻ കൃഷിനാശം*

Update: 2025-10-29 01:52 GMT

അമരാവതി: മോൻത ചുഴലിക്കാറ്റ് കരയണഞ്ഞതിനെ തുടർന്നുണ്ടായ നാശത്തിൽ ആന്ധ്രപ്രദേശിൽ നാലു പേർ മരിച്ചു. വൻതോതിലുള്ള കൃഷിനാശമുണ്ടായതായും റിപോർട്ടുണ്ട്. ഏകദേശം ഒന്നേമുക്കാൽ ലക്ഷം ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. ചൊവ്വാഴ്ച ആന്ധ്ര തീരം പിന്നിട്ട മോൻത അയൽ സംസ്ഥാനമായ ഒഡീഷയിലേക്കും കടന്നു. ഒഡീഷയിലും ചുഴലിക്കാറ്റ് പ്രത്യാഘാതങ്ങൾക്കിടയാക്കി. നാശനഷ്ടങ്ങൾ എത്രത്തോളമെന്ന വിവരം അറിവായിട്ടില്ല. ബംഗാൾ ഉൾക്കടലിൽ ഉടലെടുത്ത കാലാവസ്ഥാ പ്രതിഭാസമായ മോൻത ചുഴലിക്കാറ്റ് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് വീശിയത്. കരതൊട്ടതിനു ശേഷം കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയുണ്ടായി. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ മൂലം ട്രെയ്ൻ, വിമാന ഗതാഗതത്തിന് തടസ്സം നേരിട്ടു. നിരവധി ട്രെയ്നുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. വിശാഖപട്ടണം, വിജയവാഡ വിമാനത്താവങ്ങളിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കി.