വഖഫ് ബോർഡ് തെരഞെടുപ്പ് : പൊതു താൽപര്യ ഹരജിയായി സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി : സംസ്ഥാന വഖഫ് ബോർഡ് തെരഞ്ഞെടുപ്പ് ഉടൻ നടത്താൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി പൊതു സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി. ആയതിനാൽ പൊതു താൽപര്യ ഹരജിയായി ഭേദഗതി ചെയ്തു സമർപ്പിക്കാൻ കോടതി ഹരിജിക്കാരോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ ബോർഡ് പിരിച്ചുവിടണമെന്നും, കാലാവധി കഴിഞ്ഞ ബോർഡ് എടുക്കുന്ന തീരുമാനങ്ങൾ റദ്ദ് ചെയ്യണമെന്നും, തീരുമാനങ്ങൾ എടുക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള വഖഫ് സംരക്ഷണ വേദി പ്രസിഡണ്ട് ടി എം അബ്ദുൽസലാം സമർപ്പിച്ച ഹരജി പരിഗണിക്കവേ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവര ടങ്ങുന്ന ഡിവിഷനൽ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത് . 2024 ഡിസംബർ 14ന് കാലാവധി പൂർത്തിയായ സമിതിയെ മരവിപ്പിച്ച് തെരഞ്ഞെടുപ്പിനോ ,നാമനിർദ്ദേശത്തിനോ ഇതുവരെ സർക്കാർ നടപടി എടുത്തിട്ടില്ല. 2024 ഡിസംബർ 14 നു ശേഷം ബോർഡ് സ്വീകരിച്ച മുഴുവൻ തീരുമാനങ്ങളും അസാധുവാക്കണം എന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.