യുപി സർക്കാറിന്റെ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ സുപ്രീംകോടതി
ന്യൂഡൽഹി : യൂപി സർക്കാറിൻ്റെ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി . ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറാനുള്ള വ്യക്തിപരമായ അവകാശങ്ങൾ പരസ്യപ്പെടുത്തുന്നത് ഭരണഘടന പൗരന് നൽകുന്ന സ്വകാര്യത അവകാശങ്ങളുമായി ചേർന്നു പോകുന്നതാണോ എന്ന് എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന് ഉത്തരവ് നൽകാൻ ജില്ലാ മജിസ്ട്രേറ്റിന് അധികാരപ്പെടുത്തുന്ന വ്യവസ്ഥയും കോടതി ചോദ്യം ചെയ്തു. നമ്മുടെ രാജ്യം മതേതര രാജ്യമാണെന്നും ,ഏതു മതവും സ്വതന്ത്രമായി സ്വീകരിക്കാനും, തള്ളാനും എല്ലാ പൗരൻമാർക്കും അവകാശം ഭരണഘടന ഉറപ്പു നൽകുന്നുവെന്ന് യുപി സർക്കാരിനെ കോടതി ഓർമിപ്പിച്ചു. ഉത്തരപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ യാണ് സുപ്രീംകോടതി വിമർശനം രേഖപ്പെടുത്തിയത്.ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് വിമർശനം നടത്തിയത്.