രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : ഗുരുതരമായ സുരക്ഷാ വീഴ്ച അന്വേഷിക്കണം - എസ്ഡിപിഐ
പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ഗുരുതരമായ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്നുപോയത് നിസ്സാരമായി തള്ളിക്കളയാനാവില്ല. കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിലേക്ക് താഴ്ന്നുപോയത്. തുടർന്ന് പൊലീസും ഫയർഫോഴ്‌സുമെത്തിയാണ് ഹെലികോപ്റ്റർ തള്ളിനീക്കിയത്. കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപ് ഹെലികോപ്റ്റർ ഇറക്കിയതാണ് തറ താഴാൻ കാരണം. രാവിലെയോടെയാണ് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. കോൺക്രീറ്റ് ഇട്ട് 12 മണിക്കൂർ തികയും മുമ്പാണ് ഹെലികോപ്റ്റർ ഇറക്കിയത്. മാത്രമല്ല രാഷ്ട്രപതി എത്തുന്നതിനുമുമ്പ് മൈതാനത്തേക്ക് തെരുവുനായ ഓടിക്കയറിയതായും ആക്ഷേപമുണ്ട്. ഇതെല്ലാം വലിയ സുരക്ഷാ വീഴ്ചയാണെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.