സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ; ബസ്സിനടിയിൽപ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം
കോഴിക്കോട് : സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. പള്ളിക്കൽ കോഴിപ്പുറം കല്ലിക്കുടം അബൂബക്കറിൻ്റെ ഭാര്യ ഫറോക്ക് കല്ലംമ്പാറ സ്വദേശിനി തസ്ലീമ (53) ആണ് മരിച്ചത്. രാമനാട്ടുകര പെരുമുഖം റോഡ് ജംഗ്ഷനിലെ പെട്രോൾ പമ്പിനടുത്താണ് അപകടം ഉണ്ടായത്.ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തസ്ലീമ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി റോഡിൽ തെറിച്ചുവീഴുകയായിരുന്നു. റോഡിൽ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ഇടിച്ച അതേ ബസ്സിൻ്റെ ടയർ കയറിയിറങ്ങി.കോഴിക്കോടു നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ടിപിഎസ്സ് ബസ്സാണ് ഇടിച്ചത്. ഈ ബസിൻ്റെ പിൻവശത്തെ ടയറാണ് ശരീരത്തിൽ കയറിയത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ ;ഹഫ്സീന റഫ്സീനഫസൽ ,മരുമക്കൾ: മജീദ്, മുജീബ്