വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു

Update: 2025-10-20 11:44 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു കളഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശപ്രകാരമായിരുന്നു നശിപ്പിച്ചത് . ഈ മാസം 13 മുതൽ ഇന്നലെ വരെയായിരുന്നു വാഹനങ്ങളിലെ എയർ ഹോൺ കണ്ടെത്തുന്നതുമായിബന്ധപ്പെട്ട പരിശോധന. നടപടി പൂർത്തിയായതിന് പിന്നാലെ പിടിച്ചെടുത്ത ഹോണുകളെല്ലാം ഇന്ന് നിരത്തിവെച്ച് റോളർ കയറ്റി നശിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ കമ്മട്ടിപ്പാടത്ത് ഒരു ആളൊഴിഞ്ഞ റോഡിൽ വച്ചാണ് ഫോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചത്.അനുമതിയില്ലാതെ വെക്കുന്ന എയർ ഹോണുകൾ കണ്ടെത്തുക മാത്രമല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇതിൻറെ ജില്ലാതല കണക്കുകളും നിത്യേന കൈമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു .ഈ മാസം 15, 16 തീയതികളിൽ മാത്രം 422 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു. 8.21 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട് . വാഹനങ്ങളിലെ എയർ ഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയതാണ്.