ശബരിമലയിൽ നടന്നത് പകൽ കൊള്ള: ചിലരെ ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താൻ നീക്കം - സിപിഎ ലത്തീഫ്
പത്തനംതിട്ട: ശബരിമലയിലെ വിഗ്രഹത്തിലെ സ്വര്‍ണപ്പാളി ചെമ്പു പാളിയായി മാറിയതിനു പിന്നില്‍ പകല്‍ക്കൊള്ളയാണ് നടന്നതെന്നും ചിലരെ ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് എസ്ഡിപിഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത്. ശബരിമലയിലെ ഭക്തരുടെ വിശ്വാസത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്. ഇതിനെതിരായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുന്‍നിര്‍ത്തി തട്ടിപ്പിനു നേതൃത്വം നല്‍കിയ വമ്പന്മാരെ പുറത്തുകൊണ്ടുവരണം. ദേവസ്വം സ്വത്തുക്കള്‍ പരിപാലിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെല്ലാം കാറ്റില്‍പറത്തി ഇടനിലക്കാരെ നിര്‍ത്തിയാണ് സ്വര്‍ണം കൊള്ളയടിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ശബരിമലയില്‍ സ്വര്‍ണപ്പാളി ചെമ്പുപാളിയാകുന്ന മാന്ത്രിക വിദ്യയാണുള്ളത്. ദേവസ്വം വിജിലന്‍സിനെ പോലും അറിയിക്കാതെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് ദുരൂഹമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ദേവസ്വം സ്വത്തുക്കള്‍ കവരുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയത് സംശയകരമാണ്. ഇതുവഴി ഭക്തരെ പറ്റിക്കുകയാണ്. കേരളത്തിലെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസം മന്ത്രി വി എന്‍ വാസവന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം. ഭരണത്തുടര്‍ച്ചയ്ക്കായി വിശ്വാസികളെ ലക്ഷ്യംവെച്ചുള്ള പുതിയ തന്ത്രങ്ങളാണ് ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. മതനിരപേക്ഷ ഇടതുപക്ഷം എന്നത് കഴിഞ്ഞകാല ചരിത്രമാണ്. അതുകൊണ്ടു തന്നെ പുതിയ പുതിയ പ്രശ്‌നങ്ങളാണ് സംസ്ഥാനത്ത് തലയുയര്‍ത്തുന്നത്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ പിണറായി നേതൃത്വം കൊടുക്കുന്ന ഇടതു സര്‍ക്കാര്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ജില്ലാ ജനറല്‍ സെക്രട്ടറി സലീം മൗലവി, ആറന്‍മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ് പി സലീം, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി മുട്ടാര്‍, ജില്ലാ സെക്രട്ടറിമാരായ സുധീര്‍ കോന്നി, ഷെയ്ക്ക് നജീര്‍, ജില്ലാ ട്രഷറര്‍ ഷാജി കോന്നി സംബന്ധിച്ചു. രാവിലെ പത്തനംതിട്ട പ്രസ് ക്ലബ്ബിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ദേവസ്വം ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ജില്ലാ, മണ്ഡലം നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
