*ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ഓഫീസ് മാർച്ച് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും*
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച നടത്തിയെന്ന കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് നാളെ ( ഒക്ടോബര്‍ 17 വെള്ളിയാഴ്ച) നടക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30 ന് പത്തനംതിട്ട പ്രസ് ക്ലബ്ബിനു മുമ്പില്‍ നിന്നാരംഭിക്കും. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ജില്ലാ ജനറല്‍ സെക്രട്ടറി സലീം മൗലവി, ആറന്‍മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ് സംസാരിക്കും. ശബരിമലയിലെ സ്വര്‍ണ പാളി കവര്‍ച്ച ചെയ്ത സംഭവത്തില്‍ അടിമുടി ദുരൂഹതയാണ്. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി സംശയം ബലപ്പെടുകയാണ്. വിശ്വാസികള്‍ കാണിക്കയര്‍പ്പിച്ച വസ്തുവില്‍ നിന്നു പോലും കവര്‍ച്ച നടത്തിയെന്നത് കൊള്ളക്കാരുടെയും കൂട്ടാളികളുടെയും ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്. സ്വര്‍ണത്തോട് വലിയ താല്‍പ്പര്യമുള്ളവരാണ് കേരളം ഭരിക്കുന്നത്. സ്വര്‍ണ കള്ളക്കടത്തില്‍ തുടങ്ങി സ്വര്‍ണ കവര്‍ച്ചയില്‍ അവസാനിക്കുന്നതായിരിക്കും കേരളത്തിലെ ഇടതു ഭരണം. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ പല കവര്‍ച്ചയുടെയും കൊള്ളയുടെയും ചുരുളഴിയും. ശബരിമലയുമായി ബന്ധപ്പെട്ട എന്തു പ്രശ്‌നം വന്നാലും ദേവപ്രശ്‌നം വെക്കുന്നവര്‍ ഇത്ര വലിയ ആരോപണം ഉയര്‍ന്നിട്ടും ദേവപ്രശ്‌നത്തിനു തയ്യാറാവാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. സ്വര്‍ണ കവര്‍ച്ചയില്‍ ഉന്നത തലങ്ങളില്‍ ആസൂത്രണം നടന്നെന്നും ഉന്നത സ്ഥാനങ്ങളിലുള്ള പലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നീതി ബോധവും ധാര്‍മികതയും അല്‍പ്പമെങ്കിലുമുണ്ടെങ്കില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജി വെക്കാന്‍ തയ്യാറാവണം. കൂടാതെ വ്യക്തമായ തെളിവുകളും ഹൈക്കോടതി നിരീക്ഷണവുമുണ്ടായിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാന്‍ തയ്യാറാവാത്തത് സര്‍ക്കാരിന് പലതും ഒളിക്കാനുണ്ട് എന്നതു കൊണ്ടാണെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, ജില്ലാ വൈസ് പ്രസിഡന്റ്എം ഡി ബാബു, ജില്ലാ സെക്രട്ടറി ഷെയ്ഖ് നജീർ സംസാരിച്ചു.