*പുരുഷ വനിതാ ഓൾ ഇന്ത്യ ഇൻ്റർ എൻഐടി ഫുട്ബോൾ കിരീടം: ക കാലിക്കറ്റ് എൻഐടി ക്ക്*
കോഴിക്കോട്:എൻ.ഐ.ടി. ജംഷഡ്പൂരിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ എൻ.ഐ.ടി. ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ് (എൻ.ഐ.ടി. കാലിക്കറ്റ്) ചരിത്രപരമായ ഇരട്ടവിജയം സ്വന്തമാക്കി. ടൂർണമെന്റിലുടനീളം എൻ.ഐ.ടി. കാലിക്കറ്റ് പുരുഷ ടീം അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനൽ മത്സരത്തിൽ എൻ.ഐ.ടി. റായ്പൂരിനെ ഏകപക്ഷീയമായ 2-0 എന്ന സ്കോറിന് തകർത്താണ് കിരീടം നേടിയത്.അഞ്ച് മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയ ടീം, വഴങ്ങിയത് കേവലം ഒരു ഗോൾ മാത്രമാണ്. ഈ കണക്കുകൾ തന്നെ ടീമിന്റെ ആധിപത്യം വ്യക്തമാക്കുന്നു. പ്രതിരോധത്തിൽ ഉരുക്കുകോട്ടയായി നിലയുറപ്പിച്ച ഗോൾകീപ്പർ ജസിൽ കെ പുരുഷ വിഭാഗത്തിലെ മികച്ച ഗോൾകീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. രജത് ആർ പ്രഭു, റെനാൽഡിനോ മർവെയ്ൻ എന്നിവരുടെ മികച്ച പ്രകടനങ്ങളും ടീമിന്റെ വിജയത്തിൽ നിർണായകമായി.ചരിത്രത്തിൽ ഇടംപിടിച്ച വിജയമാണ് എൻ.ഐ.ടി. കാലിക്കറ്റ് വനിതാ ടീം നേടിയത്. ഇതാദ്യമായാണ് വനിതാ ടീം ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്നത്. സ്ഥാപനത്തിലെ വനിതാ ഫുട്ബോളിന്റെ വളർച്ചയും അർപ്പണബോധവുമാണ് ഈ വിജയം.വനിതാ ടീമിന്റെ പ്രതിരോധനിരയുടെ ശക്തി ക്രിസ്റ്റിന ബെവിൻ ആയിരുന്നു. മികച്ച പ്രകടനത്തിലൂടെ അവർ വനിതാ വിഭാഗത്തിലെ മികച്ച ഗോൾകീപ്പർ പുരസ്കാരത്തിന് അർഹയായി. കോച്ചുമാരായ നവാസ് റഹ്മാൻ, സുധീപ് സി ആർ എന്നിവരുടെയും, അഡ്മിനിസ്ട്രേറ്റീവ് പിന്തുണ നൽകിയ സുനിൽ എം.എസ്. (എസ്.എ.എസ്. ഓഫീസർ), ധനേഷ് റാംബത്ത് (എസ്.എ.എസ്. ഓഫീസർ ) എന്നിവരുടെയും മികച്ച സംഭാവന ഈ കിരീട നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.