ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാനൊരുങ്ങി സനേ തകൈച്ചി. ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് സനേ തകൈച്ചി. എന്നാല്‍ പല സ്ത്രീകള്‍ക്കും അവരെ ഇഷ്ടമല്ലെന്നാണ് റിപോര്‍ട്ടുകള്‍. ടോക്കിയോ മന്ത്രിസഭയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് തകൈച്ചി പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും , പ്രാദേശിക മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം, 64 കാരിയായ അവര്‍ വളരെ യാഥാസ്ഥിതികയാണെന്നും അവരുടെ കാഴ്ചപ്പാടുകളും നിലപാടുകളും സ്ത്രീകളേക്കാള്‍ പുരുഷന്മാരുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നതുമാണെന്നാണ് സൂചനകള്‍.
എല്‍ഡിപിയിലെ വനിതാ നിയമസഭാംഗങ്ങള്‍ക്ക് പലപ്പോഴും പരിമിതമായ മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ ലഭിക്കാറുള്ളൂ, വൈവിധ്യത്തിനും ലിംഗസമത്വത്തിനും വേണ്ടി വാദിക്കുമ്പോള്‍ അവര്‍ പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ജപ്പാനിലെ രണ്ട് പാര്‍ലമെന്ററി ചേംബറുകളില്‍ ഏറ്റവും ശക്തരായ അധോസഭയില്‍ സ്ത്രീകള്‍ ഏകദേശം 15% മാത്രമാണ്, കൂടാതെ ജപ്പാനിലെ 47 പ്രിഫെക്ചറല്‍ ഗവര്‍ണര്‍മാരില്‍ വെറും രണ്ടുപേര്‍ മാത്രമാണ് സ്ത്രീകള്‍.
പുരുഷ പാര്‍ട്ടിയിലെ പ്രമുഖരോടുള്ള തകായിച്ചിയുടെ വിശ്വസ്തതയാണ് ഒരു വലിയ ആശങ്കയായി നിലനില്‍ക്കുന്നതെന്ന് ചില വൃത്തങ്ങള്‍ പറയുന്നു.1993-ല്‍ സ്വന്തം നാടായ നാരയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തകൈച്ചി, സാമ്പത്തിക സുരക്ഷ, ആഭ്യന്തരകാര്യങ്ങള്‍, ലിംഗസമത്വം തുടങ്ങിയ പ്രധാന മന്ത്രി പദവികള്‍ വഹിച്ചിട്ടുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിനെ ആരാധിക്കുന്ന തകൈച്ചി, ജപ്പാനെക്കുറിച്ചുള്ള ഷിന്‍സോ ആബെയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടിന്റെ വക്താവാണ്.
