തിരുവനന്തപുരം : വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് 'യാനം' എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ നടക്കും.സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചർ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ പരിപാടിയാണ് 'യാനം'. യാത്രകളെ സ്‌നേഹിക്കുന്നവരുടെ സംഗമവേദി എന്ന നിലയിലാണ് 'യാനം' സംഘടിപ്പിക്കുന്നത്. യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമമായിരിക്കും ഈ പരിപാടി. എഴുത്തുകാർ, കലാകാരന്മാർ, ഫോട്ടോഗ്രാഫർമാർ, സാഹസിക യാത്രികർ, യാത്ര ഡോക്യമെന്ററി സംവിധായകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉള്ളവർ യാനത്തിന്റെ ഭാഗമാകും.ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാമി അവാർഡ് ജേതാവ് പ്രകാശ് സോൺതെക്ക, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ, വർത്തമാനകാല ഓർഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി പ്രൊഫ. നതാലി ഹാൻഡൽ എന്നിവരുൾപ്പെടുന്ന ചർച്ച യാനത്തെ ശ്രദ്ധേയമാക്കും.കൂടാതെ ടിബറ്റൻ കവി ടെൻസിൻ സുണ്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി, ഫോട്ടോഗ്രാഫർ ആശ ഥാദാനി, ആറ് രാജ്യങ്ങളിലൂടെ ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂർ എന്നിവർ പങ്കെടുക്കും.