രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാൻ കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി
കോഴിക്കോട് : രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷനുകളുടെ കോഡിനേഷൻ കമ്മിറ്റിയായ റെസിഡൻ്റ്സ് അപ്പെക്സ് കൗൺസിൽ ഓഫ് കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. കോൺഫെഡറേഷൻ ഓഫ് റെസിഡൻൻ്റ്സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പിസി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ നിയമനിർമാണം നടത്തണമെന്നും, തെരുവിൽ അലഞ്ഞു നടക്കുന്നവയെ ജനവാസമല്ലാത്ത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മൃഗസ്നേഹത്തിന്റെ മറവിൽ വൻകിട വാക്സിൻ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു. റെസിഡൻറ്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം കെ ബീരാൻ അധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി സി.രാധാകൃഷ്ണൻ, സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ആർ അനിൽകുമാർ ,വനിതാ കമ്മറ്റി സംസ്ഥാന പ്രസിഡണ്ട് കെ സതീദേവി ,സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജനാർദ്ദനൻ ,വനിതാ കമ്മറ്റി ജില്ലാ പ്രസിഡണ്ട് എൻ.കെ ലീല, എൻ ഭാഗ്യനാഥൻ തുടങ്ങിയവർ സംസാരിച്ചു.