*യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യണം: പ്രതിപക്ഷ നേതാവ്*
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച അഞ്ച് പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി യോട് രേഖാമൂലം ആവശ്യപ്പെട്ടു. പോലീസ് കാർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും വി ഡി സതീശൻ കത്തിൽ പറഞ്ഞു. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത് . മനുഷ്യൻ എന്ന പരിഗണന പോലും നൽകാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പോലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായത് . പോലീസുകാരുടെ പ്രവർത്തി പോലിസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പോലീസ് കാർ ചുമത്തിയ കുറ്റം. സ്റ്റേഷനിൽ കൊണ്ടു വന്നത് മുതൽ പോലീസ് വളഞ്ഞിട്ട് കുനിച്ചു നിർത്തിയും , പുറത്തും മുഖത്തും മർദ്ദിച്ചു. സുജിത്തിന്റെ കേൾവിശക്തി നഷ്ടമായി. 2023 നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമ പോരാട്ടത്തിനൊടുവിൽ ആണ് വിവരാകാശ നിയമപ്രകാരം ലഭ്യമായത് . വിവരാകാശ നിയമപ്രകാരം ഈ ദൃശ്യങ്ങൾ കിട്ടിയില്ലായിരുന്നെങ്കിൽ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു എന്നും പ്രതിപക്ഷനേതാവ് കത്തിൽ സൂചിപിച്ചു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും ഉടൻ പുറത്താക്കണമെന്നും ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതടക്കമുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.