ഇന്ത്യ - അമേരിക്ക തീരുവ യുദ്ധം; മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തര നടപടി വേണം : പി അബ്ദുൽഹമീദ്

Update: 2025-09-01 11:49 GMT

തിരുവനന്തപുരം: ഇന്ത്യ- അമേരിക്ക തീരുവ യുദ്ധം മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തിലാക്കുമെന്നും അവരെ രക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. നരേന്ദ്ര മോദിയുടെ വിദേശനയങ്ങള്‍ രാജ്യതാല്പര്യങ്ങള്‍ക്ക് എതിരാണെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. അവസാനമായി അമേരിക്കയുമായുള്ള തീരുവ യുദ്ധം വസ്ത്രം, കശുവണ്ടി, മത്സ്യ ബന്ധന മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ട്രോളിങ്ങിന് ശേഷം മനം നിറഞ്ഞ് കടയിലേക്ക് വലയെറിയാന്‍ കാത്തിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മോഡിയുടെ വികലമായ തീരുവ യുദ്ധം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 2023 -24 കാലയളവില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം മത്സ്യ കയറ്റുമതി 3.3 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. 8028 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങള്‍ ആണ് കേരളത്തില്‍ നിന്നു മാത്രം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഈ നടപ്പ് വര്‍ഷം മുതല്‍ ഇത് കുത്തനെ കുറയും. മത്സ്യമേഖലയെ ഇത് സാരമായി ബാധിക്കും. സമുദ്ര ഉത്പന്നങ്ങള്‍ കയറ്റുമതിക്കാരെയും മത്സ്യ അനുബന്ധ തോഴിലാളികളെയും കൊടും ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഈ നിലപാടില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവപരമായ ഇടപെടല്‍ നടത്തണം.

റഷ്യയുമായുള്ള എണ്ണ ഇറക്കുമതിയുടെ ഗുണഭോക്താക്കള്‍ മോദിയുടെയും ബിജെപിയുടെയും ചങ്ങാത്ത മുതലാളിമാരാണ്. അതേസമയം, അമേരിക്കയുടെ തീരുവ വര്‍ധന അക്ഷരാര്‍ഥത്തില്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ഏറെയും രാജ്യത്തെ സാധാരണക്കാരെയാണ്. ചങ്ങാത്ത മുതലാളിമാര്‍ക്ക് വേണ്ടി ഇന്ത്യയുടെ വിദേശ വ്യാപാര നയങ്ങളെ മോദി കുരുതികൊടുക്കുന്നത് ഒരു രണ്ടാം നോട്ടുനിരോധന കാലത്തെ പ്രതിസന്ധി രാജ്യത്തുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.