താമരശ്ശേരി ചുരത്തിൽ ഒറ്റവരിയായി ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് യാത്ര അനുവദിച്ചു.
കോഴിക്കോട് : താമരശ്ശേരി ചുരം വ്യൂ പോയിന്റിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ചയും, ഇന്നലെ രണ്ട് തവണയും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ച് കോഴിക്കോട് ,വയനാട് കലക്ടർമാർ സംയുക്ത്തമായി ഉത്തരവിട്ടിരുന്നു. ഇന്നലെ രാത്രി ചേർന്ന യോഗത്തിനുശേഷം കോഴിക്കോട് കലക്ടർ നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. നേരത്തെ റവന്യൂ മന്ത്രി കെ രാജൻ കോഴിക്കോട് ,വയനാട് കലക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥന്മാരുമായും ഓൺലൈൻ യോഗം വിളിച്ചു സ്ഥിതകൾ വിലയിരുത്തിയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാൻ ആണ് പുതിയ തീരുമാനം. കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷയിൽ ഇന്നലെ രാത്രി ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി ആണ് തീരുമാനം എടുത്തത്. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ : മഴ ശക്തമായി ഉണ്ടാകുന്ന സമയങ്ങളിൽ വാഹനഗതാഗതം പൂർണമായി നിർത്തിവെക്കണം , മഴ കുറവുള്ള സമയങ്ങളിൽ ഒറ്റ ലൈനായി മാത്രമേ വാഹനങ്ങളെ കടത്തിവിടുകയുള്ളൂ , വാഹനങ്ങൾ ജാഗ്രതയോടെയും വേഗത കുറച്ചു മാത്രം സഞ്ചരിക്കണം, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം, ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി -നാടുകാണി ചുരങ്ങൾ വഴിയും , കണ്ണൂർ റോഡ് വഴിയും പോകണം. ചുരം പ്രദേശത്ത് മുഴുവൻ നിരീക്ഷണം ഏർപ്പെടുത്തും, റോഡിൽ രാത്രികാലത്ത് വെളിച്ചം ലഭ്യമാക്കുന്ന സംവിധാനം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും തഹസിൽദാറും ഉറപ്പുവരുത്തണം, അടിയന്തരഘട്ടങ്ങളിൽ ക്രെയിൻ, ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം, കുറ്റ്യാടി റോഡിലെ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികൾ അടിയന്തരമായി മൂടണം. കുറ്റ്യാടി റോഡിലും രാത്രി സമയങ്ങളിൽ വെളിച്ചം ഉറപ്പുവരുത്തണമെന്നും , പ്രദേശത്തെ ആശുപത്രികളിൽ ജാഗ്രത നിർദേശം നൽകുവാനും തീരുമാനിച്ചു.