സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ വെല്ലുവിളി നേരിടുന്നു:പിണറായി വിജയൻ

Update: 2025-08-21 01:40 GMT

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തന o ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു പിണറായി. വിപണി താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നതു മൂലം രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. അതേ സമയം മാധ്യമ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങൾ നിരന്തരമായി സർക്കാരിനെതിരെ തെറ്റായ വാർത്തകൾ ചമയ്ക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തിട്ടും കേരളത്തിൽ ഒരു മാധ്യമ പ്രവർത്തകനെതിരെ പോലും സർക്കാർ കേസെടുത്ത സംഭവം ഉണ്ടായിട്ടില്ല. സർക്കാരിന്റെ രഹസ്യ രേഖ എങ്ങനെ ചോർന്നുവെന്ന് കണ്ടുപിടിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ നടത്തുന്ന ഈ അന്വേഷണം തുടരുമെന്നും അതിനെ മാധ്യമ പ്രവർത്തകർക്ക് എതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകർ രാജ്യവ്യാപകമായി അവരുടെ വാർദ്ധക്യ കാലത്ത് അവഗണന നേരിടുന്നു. മെച്ചപ്പെട്ട ജീവിതത്തിന് അവർക്ക് അർഹതയുണ്ട്. സീനിയർ ജേണലിസ്‌റ്റ് ഫോറം രൂപം നൽകുന്ന അഖിലേന്ത്യാ സംഘടന മുതിർന്ന മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി യോജിച്ച മുന്നേറ്റം നടത്തുമെന്ന് താൻ പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള പ്രസിഡന്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ,. സ്വാഗത സംഘം അദ്ധ്യക്ഷൻ ജോൺ മുണ്ടക്കയം, ജനറൽ കൺവീനർ കരിയം രവി എന്നിവർ പ്രസംഗിച്ചു. നേരത്തെ മുതിർന്ന അംഗവും മുൻ രാജ്യസഭാ എം.പി.യുമായ എം.പി.അച്യുതൻ സമ്മേളന സ്ഥലത്ത് പതാക ഉയർത്തി. വൈകിട്ട് നടന്ന ദേശീയ മാധ്യമ സെമിനാർ പ്രമുഖ മാധ്യമ ഗവേഷകയും കോളമിസ്‌റ്റുമായ സെവന്തി നൈനാൻ ഉദ്ഘാടനം ചെയ്തു. ഡോ.അച്യുത് ശങ്കർ, സുഹാസിനി പ്രഭു ഗാവോങ്കർ (ഗോവ), പി.വി.ഹരി കൃഷ്ണൻ, എം. സരിതാ വർമ്മ എന്നിവർ പ്രസംഗിച്ചു. എസ്.ജെ.എഫ് ഡൽഹി ഘടകം പ്രസിഡന്റ് സന്ദീപ് ദീക്ഷിത് മോഡറേറ്ററായിരുന്നു.