ഫോട്ടോഷൂട്ടിനുപോയ നവദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റു; കാര്‍ തല്ലിപ്പൊളിച്ചു

Update: 2025-08-19 05:42 GMT

പത്തനംതിട്ട: വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനായി കാറില്‍ സഞ്ചരിച്ച നവവധുവിനെയും വരനെയും വഴിതടഞ്ഞ് മര്‍ദിച്ചതായി ആരോപണം. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. നവദമ്പതിമാരായ നെടുമ്പാറ കോലാനിക്കല്‍ മലയില്‍ മുകേഷ് മോഹന്‍, കോട്ടയം കുറിച്ചി സ്വദേശിനി ദീപ്തിമോള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബൈക്കിനു വശംകൊടുത്തില്ലെന്ന് ആരോപിച്ച് കാര്‍ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്ന് പേരുള്‍പ്പെടെ നാല് പ്രതികളെ കീഴ്വായ്പ്പൂര്‍ പോലിസ് അറസ്റ്റു ചെയ്തു. കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയില്‍ വീട്ടില്‍ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖില്‍ജിത്ത് അജി (25), അമല്‍ജിത്ത് അജി (22), പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ് നാഥ് (20) എന്നിവരാണ് പിടിയിലായത്.

മുകേഷ് മോഹന്റെയും ദീപ്തിമോളുടെയും വിവാഹദിവസമായ 17ന് വൈകീട്ട് നാലിന് മുകേഷിന്റെ വീട്ടില്‍വന്ന വാഹനങ്ങള്‍ പിന്നില്‍ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശംകൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വധൂവരന്മാര്‍ യാത്രചെയ്ത കാറില്‍ ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. കാറിന്റെ മുന്നില്‍ കയറി തടഞ്ഞുനിര്‍ത്തിയശേഷം അഭിജിത്ത് വരനെയും വധുവിനെയും ആക്രമിച്ചു. മറ്റ് പ്രതികള്‍ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ഡോറുകള്‍ ഇടിച്ചു കേടുപാടുവരുത്തി. മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മില്‍ ഒരുവര്‍ഷംമുമ്പ് അഭിജിത്തിന്റെ കല്യാണദിവസം അടിപിടി ഉണ്ടായിട്ടുണ്ട്. ഇതിന്റെ മുന്‍വിരോധം ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുമുണ്ട്.

Tags: